തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം പ്രവണതകൾ തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ ട്രെയിനുകളിലെ ശുചിമുറികളിലും പൊതുശുചിമുറികളിലും അശ്ലീല പരാമർശങ്ങൾ എഴുതിവെച്ചിരുന്നവർ ഇപ്പോൾ അതേ പ്രവണത സമൂഹമാധ്യമങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തരം അധിക്ഷേപങ്ങളുടെ പ്രധാന ഇരകൾ സ്ത്രീകളാണെന്നും ഇതിനെതിരെ പ്രത്യേക നിയമം കൊണ്ടുവരാനാകുമോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാലത്തിന് അനുയോജ്യമായ വനിതാ നയം കേരളത്തിൽ രൂപീകരിക്കണമെന്നും രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ അത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാലവും ലോകവും മാറിയിട്ടും പലരുടെയും ചിന്താഗതിയിൽ മാറ്റമുണ്ടായിട്ടില്ലെന്നും വേഷത്തിൽ മാത്രമാണ് മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കൊപ്പം സാമൂഹികമായ ആത്മവിശ്വാസവും ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘മകൾക്കൊപ്പം’ പദ്ധതിയുടെ ഭാഗമായി നടന്ന വനിതാ നയ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുമെന്നും ഇതിനായി വിട്ടുവീഴ്ചയില്ലാത്ത വനിതാ നയം കേരളത്തിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




