കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടിൽ വി.എം. ബോവാസ് (27) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ആറ് വർഷവും രണ്ട് മാസവും തടവിനും 35,500 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2022ൽ മേപ്പാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും വീട്ടിൽ അതിക്രമിച്ചുകയറി കൈയിൽ പിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. അന്ന് മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വി.പി. സിറാജാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.




