ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്.
സർവകലാശാലയിലെ സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽനിന്നും തിരിച്ചടി നേരിട്ടിരുന്നു. പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ സർവകലാശാലയോട് നിർദേശിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വൈസ് ചാൻസലർ സി.എസ്. സിസയ്ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
ഹൈക്കോടതിയുടെ നടപടിയെ മനുഷ്യത്വരഹിതമെന്നാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതിയുടെ നിലപാട് നിർണായകമാകും.




