മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും പിന്നാലെയാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ.
ദുബായിൽനിന്ന് സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവം സ്വർണക്കവർച്ചയാണെന്ന സംശയത്തെ തുടർന്ന് പൊലീസ് യുവതിയെ കൊണ്ടുപോയ കാർ പിന്തുടർന്നു. സിനിമയെ വെല്ലുന്ന രീതിയിൽ നടന്ന വാഹന പിന്തുടരലിനൊടുവിൽ പുളിക്കലിൽവെച്ച് കാർ തടഞ്ഞ പൊലീസ് സംഘം പ്രതികളെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയും ചെയ്തു.
എന്നാൽ, പ്രതികളെയും യുവതിയെയും ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിൽ തട്ടിക്കൊണ്ടുപോകൽ നാടകമാണെന്ന് വ്യക്തമായത്. സ്വർണവുമായി എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നതായി വരുത്തിത്തീർക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യഘട്ടത്തിൽ യുവതിയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസിന്റെ നിഗമനം.
എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായി. സ്വർണം കടത്തിക്കൊണ്ടുവരുന്ന വിവരം പ്രിയങ്ക ഭർത്താവിനെ അറിയിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനായി പ്രിയങ്ക തന്നെയാണ് നാട്ടിൽനിന്ന് കാർ ഏർപ്പാടാക്കിയത്. ഭർത്താവിനോടും അതേ വാഹനത്തിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പ്രിയങ്കയും നാട്ടുകാരനും സുഹൃത്തുമായ ശ്രീലാലും ചേർന്നാണ് തട്ടിക്കൊണ്ടുപോകലും സ്വർണക്കവർച്ചയും ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഗൂഢാലോചന നടത്തിയതിന്റെ വാട്സാപ്പ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഭർത്താവിനെ കേസിൽനിന്ന് ഒഴിവാക്കിയെങ്കിലും പ്രിയങ്കയും ശ്രീലാലും ഉൾപ്പെടെ നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




