ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. കെ.സി. വേണുഗോപാൽ അനുകൂലിയായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഫ്ലക്സ് ബോർഡ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
നാല് പദ്ധതികൾക്കായി പ്രാദേശിക ഫണ്ടിൽനിന്ന് തുക അനുവദിച്ചതിന് കൊടിക്കുന്നിൽ സുരേഷിന് അഭിവാദ്യമർപ്പിച്ചാണ് ഫ്ലക്സ് സ്ഥാപിച്ചത്. ഐഎൻടിയുസി സ്ഥാപിച്ച ബോർഡാണ് നശിപ്പിക്കപ്പെട്ടത്.
അതേസമയം, കോൺഗ്രസിലെ ഫ്ലക്സ് പോര് തുടരുകയാണ്. ഷാഫി പറമ്പിൽ എംപിക്ക് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
പേരാമ്പ്രയിലെ സംഘർഷത്തിനിടെ ഷാഫി പറമ്പിലിന് പരിക്കേറ്റ ദൃശ്യങ്ങളും ഫ്ലക്സ് ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ എന്നാണ് ബോർഡുകളിലെ സന്ദേശം. ‘പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര. ആ ചോരയാണ് ഇതിന് സാക്ഷി’ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെയും ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടെ നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് പാർട്ടിക്കുള്ളിലെ തർക്കം കൂടുതൽ ചർച്ചയാക്കുകയാണ്.




