കണ്ണൂര്: കണ്ണൂർ കൂത്തുപറമ്പിൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരിയിടത്തിൽ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പതിയെ ഒഴിഞ്ഞുതുടങ്ങി. പുലർച്ചെയുണ്ടായ കനത്ത മഴയിൽ ശ്രീകണ്ഠപുരം ടൗണിൽ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ സ്ഥിതി സാധാരണ നിലയിലായി.
മാടായിയിലും പയ്യന്നൂരിലും ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്നു. മാടായി കുളവയൽ റോഡിൽ വീടിന്റെ ഭാഗം തകർന്നുവീണ് ഏഴ് വയസുകാരൻ പാർഥിപിന് പരിക്കേറ്റു. പയ്യന്നൂർ കേളോത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണ് പരിക്കേറ്റ ഇന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയ്ക്കും ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷിനുമായി തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്ന പാൽച്ചുരം മണ്ണ് നീക്കി വീണ്ടും വാഹനഗതാഗതത്തിന് തുറന്നുകൊടുത്തു.
ഇതിനിടെ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ, മലയോര മേഖലകളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ.




