ആഗ്ര: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ ആഗ്രയിൽ ഭാര്യ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ആഗ്ര സ്വദേശിയായ ലോകേന്ദ്രയെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയും കാമുകൻ മഹേഷും അറസ്റ്റിലായിട്ടുണ്ട്. മഹേഷിന്റെ സുഹൃത്തായ ധരംവീറും പ്രതികളിൽ ഒരാളാണ്.
ലോകേന്ദ്രയുടെ മൃതദേഹം റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാതെ കത്തിക്കരിഞ്ഞതിനാൽ, ഇയാളുടെ കൈയിലെ ടാറ്റുവാണ് തിരിച്ചറിയാൻ സഹായിച്ചത്. കൈയിൽ ലോകേന്ദ്രയുടെ പേരാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ലോകേന്ദ്രയെ കാണാനില്ലെന്ന് സഹോദരൻ പോലീസ് പരാതിയായിരുന്നു നൽകിയിരുന്നത്.
കേസിൽ മുഴുവൻ പ്രതികളെയും 24 മണിക്കൂറിനുള്ളിൽ പിടികൂടി. കേസിലെ അന്വേഷണത്തിൽ സഹായകമായത് ഒരു മദ്യക്കുപ്പിയിലും അതിലെ ക്യൂആർ കോഡും ആയിരുന്നു. കുപ്പി കണ്ടെത്തിയ സ്ഥലത്ത് നിന്നാണ് മദ്യം വിൽക്കുന്ന സ്ഥലം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, ലോകേന്ദ്രയും മഹേഷും ധരംവീരും മദ്യശാലയിൽ എത്തിയിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.




