തിരുവനന്തപുരം: ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ഫീച്ചർ പരസ്യ വിവാദത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടപടി സ്വീകരിച്ചു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രജിൻ ബാബുവിന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഫോക്കസ് ഫീച്ചർ എന്ന പേരിൽ മുഴുവൻ പേജിൽ പരസ്യം നൽകിയ നടപടി പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് അച്ചടക്ക നടപടിയിലേക്ക് കടന്നത്. ഇത് കടുത്ത അച്ചടക്കലംഘനമാണെന്ന് കെപിസിസി വ്യക്തമാക്കുന്നു. നിലവിൽ പ്രാഥമിക നടപടിയായി വിശദീകരണം ചോദിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചർ പരസ്യമല്ല, ലേഖനമാണെന്നാണ് പ്രജിൻ ബാബുവിന്റെ വിശദീകരണം. താൻ വിവിധ വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ എഴുതാറുണ്ടെന്നും മുൻപ് പ്രമുഖരെക്കുറിച്ചും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സംഭവം കോൺഗ്രസിനുള്ളിലെ നേതൃവിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമായും ചിലർ ഇതിനെ കാണുന്നുണ്ട്.
അതേസമയം, തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫീച്ചർ പ്രസിദ്ധീകരിച്ചതിൽ രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ നടപടി തെറ്റിദ്ധാരണകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം.




