തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളായി ശ്രദ്ധ നേടുന്ന “സിജെപി” അഥവാ കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ പുതിയതായി “ഒജെപി” അഥവാ ഓഗി ജനതാ പാർട്ടിയും രൂപം കൊണ്ടു. സിജെപിയെ വിമർശിച്ചുകൊണ്ടാണ് ഒജെപി പ്രധാനമായും രംഗത്തെത്തിയത്. കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണവും ഒജെപി ഉന്നയിച്ചു. എഎപിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ ദിപ്കെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും അവർ ആരോപിക്കുന്നു.
പ്രാണികളെ (പാറ്റകൾ) ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന നിലപാടും ഒജെപി മുന്നോട്ടുവെക്കുന്നു. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കൊളാഷും അവർ പങ്കുവെച്ചു. “തൊഴിലില്ലായ്മയുടെ പ്രതീകമായി തങ്ങളെ ‘പാറ്റകൾ’ എന്ന് വിളിക്കുന്നത്” എന്ന പരിഹാസവും ഒജെപി ഉയർത്തുന്നു.
മൃഗങ്ങളുടെ അവകാശങ്ങൾക്കായി 6 ഇന പ്രകടനപത്രികയും ഒജെപി പുറത്തിറക്കിയിട്ടുണ്ട്. തെരുവ് മൃഗങ്ങൾക്ക് സൗജന്യ ചികിത്സ, മൃഗങ്ങളോട് ക്രൂരതയ്ക്കെതിരെ കർശന നിയമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിഷയത്തിലും ഒജെപി പ്രതികരണം രേഖപ്പെടുത്തി. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പിന്തുണയില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് അവരുടെ ഇൻസ്റ്റാഗ്രാം ബയോയിലും വ്യക്തമാക്കുന്നു. ഇതിനകം തന്നെ ഒജെപിക്ക് 9,000-ത്തിലധികം ഫോളോവേഴ്സ് ലഭിച്ചതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ ഈ “പുതിയ പാർട്ടികൾ” വലിയ ചർച്ചയായി തുടരുകയാണ്.






