തൃശൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രസ്താവനയുമായി തൃശൂർ എംപി സുരേഷ് ഗോപി രംഗത്ത്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക രേഖ ലഭിച്ചാൽ തുടർനടപടികൾ ഉടൻ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇത് 2016 മുതൽ ഞാൻ പറഞ്ഞു വരുന്ന കാര്യമാണ്. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം സർക്കാർ എഴുതി നൽകുകയാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ആവശ്യമായ നടപടി സ്വീകരിക്കും. വാക്ക് കൊണ്ട് മാത്രം കാര്യമില്ല, രേഖാമൂലം അറിയിച്ചാൽ മാത്രമേ കേന്ദ്രം പരിഗണിക്കുകയുള്ളു,” എന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പ്രതികരിച്ചു.
മുൻപ് ആലപ്പുഴയിൽ സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ. പി. നദ്ദ നൽകിയ ഉറപ്പിനെയും അദ്ദേഹം അനുസ്മരിപ്പിച്ചു. “ഉചിതമായ സ്ഥലത്ത്, ഉചിതമായ സമയത്ത് എയിംസ് കേരളത്തിൽ വരുമെന്നാണ് നദ്ദ വ്യക്തമാക്കിയിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
എയിംസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും, സ്ഥലം സംബന്ധിച്ച ഔദ്യോഗിക ഉറപ്പുകൾ ലഭിച്ചാൽ അതിന്റെ പ്രക്രിയ വേഗത്തിൽ നടക്കുമെന്നും സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.
“ആലപ്പുഴ ജില്ലയുടെ വികസനം വളരെ പ്രധാനപ്പെട്ടതാണ്. 13 ജില്ലകളെ തമ്മിൽ താരതമ്യം ചെയ്താൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതങ്ങൾ നേരിട്ടിരിക്കുന്നു. അതിനാൽ, എയിംസ് ആലപ്പുഴയിൽ തന്നെ വരണം എന്നത് ഞാൻ ഉറച്ച നിലപാടായാണ് കാണുന്നത്. എന്നാൽ ചിലർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എതിര്ക്കുന്നുവെങ്കിൽ, എയിംസ് തൃശൂരിൽ കൊണ്ടുവരാനായിരിക്കും അടുത്ത നീക്കം,” സുരേഷ് ഗോപി വ്യക്തമാക്കി.




