എറണാകുളം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് കനത്ത ശിക്ഷ വിധിച്ച് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റൽ രാജ് (36) ന് രണ്ട് ഇരട്ട ജീവപര്യന്തം തടവും 35 വർഷം അധിക തടവും 21.81 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2023 സെപ്റ്റംബർ 7-ന് ആലുവ എടയപ്പുറത്തെ വാടകവീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ക്രിസ്റ്റൽ രാജിനെതിരെ ‘കാപ്പ’ നിയമവും ചുമത്തിയിട്ടുണ്ട്.
12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിനുള്ള രണ്ട് പോക്‌സോ വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ രണ്ട് വകുപ്പുകളും ഉൾപ്പെടെ നാല് വകുപ്പുകളിലായാണ് നാല് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ഏഴ് വർഷം, വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് 10 വർഷം, ബലാത്സംഗക്കുറ്റത്തിന് 10 വർഷം, കുട്ടിയെ മർദിച്ചതിന് ഒരു വർഷം, രഹസ്യഭാഗങ്ങളിൽ പരിക്കേൽപ്പിച്ചതിന് ഏഴ് വർഷം എന്നിങ്ങനെ വിവിധ വകുപ്പുകളിലായി 35 വർഷം അധിക തടവും വിധിച്ചു.
ജീവപര്യന്തം ശിക്ഷ ലഭിച്ച നാല് കുറ്റങ്ങൾക്കായി അഞ്ച് ലക്ഷം രൂപ വീതവും മറ്റ് വകുപ്പുകളിലായി അധിക പിഴയും ഉൾപ്പെടെ ആകെ 21.81 ലക്ഷം രൂപ പിഴയാണ് കോടതി ചുമത്തിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
കേസിൽ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ നിർണായകമായിരുന്നുവെന്ന് കോടതി വിധിയിൽ പ്രത്യേകം പരാമർശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി സംശയം തോന്നി നാട്ടുകാരെ വിളിച്ചുണർത്തുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ ടോർച്ചുകളുടെ വെളിച്ചത്തിൽ പ്രദേശം പരിശോധിച്ചെത്തിയപ്പോൾ പ്രതി കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ പിറ്റേന്ന് വൈകീട്ട് ആലുവ പാലത്തിന് സമീപത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആദ്യം വീഡിയോ കോളിലൂടെ പ്രതിയെ തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് കോടതിയിൽ നേരിൽ കണ്ടപ്പോൾ ഭയന്ന് നിലവിളിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.






