പത്തനംതിട്ട: നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട് പീടികയിൽ താമസിക്കുന്ന മറിയം ബീവി (60) ആണ് മരിച്ചത്. കെ.പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷന് സമീപം പുലർച്ചെയോടെയായിരുന്നു അപകടം.
റോക്ക് ചിപ്സ് കയറ്റി അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലെ വൈദ്യുതിത്തൂൺ പൂർണമായും തകർത്തുകൊണ്ട് പാഞ്ഞ ലോറി സമീപത്തെ മറിയം ബീവിയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ലോറി മറിഞ്ഞതിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്നു വീണു. മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന മറിയം ബീവിയുടെ ദേഹത്തേക്കാണ് ഭിത്തിയുടെയും ലോറിയിലുണ്ടായിരുന്ന കല്ല് അവശിഷ്ടങ്ങളുടെയും ഭാഗങ്ങൾ പതിച്ചത്.
വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മറിയം ബീവിയുടെ ജീവൻ രക്ഷിക്കാനായില്ല.






