കോട്ടയം: കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ വീതിയുള്ള ആപ്പാഞ്ചിറ പാലം വൻ അപകടഭീഷണി ഉയർത്തുന്നു. പാലത്തിന്റെ കൈവരികൾ വാഹനം ഇടിച്ച് തകർന്നിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും ഇത് പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മുമ്പ് നടന്ന അപകടത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. നിലവിൽ തകർന്ന കൈവരികൾക്ക് പകരം ഇല്ലിമുളകൾ കെട്ടിയാണ് താത്കാലിക സംരക്ഷണം ഒരുക്കിയിരിക്കുന്നത്.
പ്രാദേശിക എം.എൽ.എ മോൻസ് ജോസഫിന്റെ വീടിന് വെറും അരക്കിലോമീറ്റർ മാത്രം അകലെയുള്ള ഈ പാലത്തിലൂടെയാണ് അദ്ദേഹം നിത്യേന യാത്ര ചെയ്യുന്നത്. ജനപ്രതിനിധിയുടെ മൂക്കിന് താഴെയുള്ള ഈ ദുരവസ്ഥ പരിഹരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏതു നിമിഷവും വൻ ദുരന്തം സംഭവിക്കാവുന്ന നിലയിൽ അപകടാവസ്ഥയിലായ പാലത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.




