കൊച്ചി: തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് അർജുൻ ആയങ്കി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. മുൻ കേസുകളുടെ അടിസ്ഥാനത്തിൽ തന്നെ തുടർച്ചയായി വേട്ടയാടുന്നുവെന്നാണ് പരാതിയിൽ അർജുൻ ചൂണ്ടിക്കാട്ടുന്നത്.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ കോതമംഗലം പൊലീസ് റിസോർട്ടിൽ നിന്ന് തന്നെയും സംഘത്തെയും കസ്റ്റഡിയിലെടുത്തുവെന്നും, യാതൊരു നിയമ നടപടിയും പാലിക്കാതെയാണ് അറസ്റ്റ് നടന്നതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ‘ഹൈവേ റോബറി’ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് കേസെടുത്തതായും അദ്ദേഹം പറയുന്നു. കോതമംഗലം എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി.
മുൻപ് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് അർജുൻ ആയങ്കിക്കെതിരെ കേസ് എടുത്തിരുന്നു. സോഷ്യൽ മീഡിയ വഴി സിഐയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരവും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






