ബെംഗളൂരു: പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരിശീലകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പിനായി പോയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. മത്സരത്തിനിടെ പരിശീലകൻ പെൺകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് ആരോപണം.
മേയ് 17നായിരുന്നു സംഭവം. ഭയന്നുപോയ പെൺകുട്ടി ആദ്യം ആരോടും വിവരം പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പരിശീലകനെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതിനുമുമ്പും ഇയാൾക്കെതിരേ സമാന പരാതികൾ ഉയർന്നിരുന്നുവെന്നും, സ്വാധീനം ഉപയോഗിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.






