കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്‌സറേ ഫിലിമുകളുടെ ക്ഷാമം മൂലം രോഗികൾക്ക് ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നൽകുന്ന അവസ്ഥ. കമ്പ്യൂട്ടറിൽ ലഭ്യമായ എക്‌സറേ ഇമേജുകൾ രോഗികളുടെ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ഡോക്ടറെ കാണിക്കാനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്.
ഫിലിം വിതരണം കമ്പനി നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും വലിയ ബുദ്ധിമുട്ട് നേരിടുന്നതായി പരാതിയുണ്ട്. നല്ല ക്യാമറ ക്ലാരിറ്റിയുള്ള മൊബൈൽ ഫോൺ ഇല്ലെങ്കിൽ എക്‌സറേ ചിത്രങ്ങൾ വ്യക്തമായി കാണാനാകുന്നില്ലെന്നാണ് രോഗികൾ പറയുന്നത്.
പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.






