കൽപ്പറ്റ: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച നാലംഗ സംഘത്തിന്റെ നീക്കം നാട്ടുകാരും പോലീസും ചേർന്ന് തടഞ്ഞു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പി.കെ. അസ്രത്ത് (46), ഇ.പി. റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. മുട്ടിൽ നോർത്ത് വില്ലേജിലെ 644/62 നമ്പർ സ്ഥലത്തുള്ള, സർക്കാർ നോട്ടിഫൈ ചെയ്ത ഏകദേശം 70 അടി നീളമുള്ള വീട്ടിമരമാണ് സംഘം മുറിച്ചുകടത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇടപെട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലമുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീനങ്ങാടി പൊലീസ് കേസെടുത്തു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






