മലപ്പുറം: വണ്ടൂരിൽ എംപി ശശി തരൂർക്കെതിരെ കയ്യേറ്റ ശ്രമം. സംഭവത്തിൽ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. കേസിൽ പ്രധാന പ്രതിയായ ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ രണ്ട് പേരെ കൂടി പിടികൂടിയതായും അഞ്ച് പേർക്കെതിരെ കേസ് എടുത്തതായും പൊലീസ് പറഞ്ഞു.
വണ്ടൂർ ചെള്ളിതോട് പ്രദേശത്ത് രാത്രിയോടെയായിരുന്നു സംഭവം. എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു ശശി തരൂർ. ബൈക്കിൽ എത്തിയ സംഘം തരൂരിന്റെ വാഹനം തടഞ്ഞ് അസഭ്യം പറയുകയും തുടർന്ന് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ഗൺമാനാണ് പൊലീസിൽ പരാതി നൽകിയത്. ശശി തരൂരിന്റെ കാറിനെ പിന്തുടർന്നെത്തിയാണ് സംഘം ആക്രമണം നടത്തിയത്. തരൂരിനെതിരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗൺമാൻ ഇടപെട്ടതോടെയാണ് ഇയാൾക്ക് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




