Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും ലൗ ജിഹാദ് കാര്‍ഡുമായി ബിജെപി; ലക്ഷ്യം വോട്ട് മാത്രമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരഞ്ഞെടുപ്പ് ചൂട് ആളിക്കത്തുന്നതിനനുസരിച്ച് മുറുകുന്നത് രാഷ്ട്രീയ സംവാദങ്ങളും പ്രതിവാദങ്ങളും ആരോപണങ്ങളും അധിഷേപങ്ങളും കൂടിയാണ്. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറ്റൊരു തലം നല്‍കുകയാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര്‍ ശ്രീലേഖ. പറഞ്ഞു പഴകിച്ച, എന്നാല്‍ എക്കാലവും കോളിളക്കത്തിന് പോന്ന മരുന്ന് പേറുന്ന ലൗ ജിഹാദ് ആരോപണമാണ് ശ്രീലേഖ തെരഞ്ഞെടുപ്പ് കളത്തിലേക്ക് എടുത്തിടുന്നത്.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ ലഭിക്കുന്ന ഒരു അധിക വോട്ട് പോലും അത്രത്തോളം നിര്‍ണായകമാകുമെന്നിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിട്ടുന്ന ഒരവസരവും സ്ഥാനാര്‍ത്ഥികള്‍ വിട്ടുകളയില്ലെന്നുറപ്പാണ്. അതിനാല്‍ തന്നെ ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ ആവേശച്ചൂടില്‍ സംഭവിച്ചു പോയതല്ലെന്നും പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും പകല്‍ പോലെ വ്യക്തം. സ്ത്രീസുരക്ഷ എന്ന വിഷയത്തിന്റെ മറവിലാണ് ശ്രീലേഖയുടെ ലൗജിഹാദ് പരാമര്‍ശങ്ങള്‍.

കേരളത്തില്‍ ലൗ ജിഹാദുണ്ട്. ഇവിടെ ഇതെല്ലാം നടക്കുമ്പോള്‍ പോലും കേരള സര്‍ക്കാര്‍ കണ്ണടച്ചെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമാണ് ശ്രീലേഖ ആരോപിക്കുന്നത്. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു സഹായവും ലഭിച്ചില്ലെന്നും ആര്‍.ശ്രീലേഖ പറയുന്നു.

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായെന്ന് ഗണേഷ് കുമാറിന്റെ വിഷയം ഓര്‍മിപ്പിച്ച് പറയുന്നു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ശ്രീലേഖ ചോദിച്ചു. തനിക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ ഡിസിപി പോലും കൂടെ നിന്നില്ലെന്നും രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിസിപിക്ക് തന്റെ കൂടെ നില്‍ക്കാനാകൂവെന്നും പറഞ്ഞ ശ്രീലേഖ ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നുമെല്ലമാണ് ആരോപണം. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് കൃത്യമായ ലക്ഷ്യങ്ങളുണ്ട് ലൗ ജിഹാദ് എടുത്തിടുമ്പോള്‍. അത് കേവലം വോട്ടിനപ്പുറം കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും ലക്ഷ്യംവെച്ചിട്ടുള്ളത് തന്നെയാണ്. കലുഷിതമായൊരു ഇടത്ത് മാത്രമേ തങ്ങള്‍ക്ക് വേരുറയ്ക്കൂ എന്ന് വ്യക്തമായി അറിയാവുന്നവര്‍ തന്നെയാണ് ബിജെപി നേതൃത്വത്തിലുള്ളത്. ഹൈന്ദവ വോട്ടുകള്‍ മാത്രമല്ല, ക്രിസ്ത്യന്‍ വോട്ടുകളും ഇതിലൂടെ ലക്ഷ്യമിടുന്നു.

കൃത്യമായ രാഷ്ട്രീയവും വികസനവും പറയാനില്ലാതെയാകുമ്പോള്‍ വര്‍ഗീയ കാര്‍ഡിറക്കുന്ന രീതി കാലങ്ങളായി രാഷ്ട്രീയത്തിലുണ്ട്. എന്തായാലും വിഷയത്തില്‍ ശ്രീലേഖയെ വിമര്‍ശിച്ച് സിപിഎം രംഗത്ത് വന്നിട്ടുണ്ട്. ശ്രീലേഖയുടെ ആരോപണങ്ങള്‍ ‘ശുദ്ധ അസംബന്ധം’ ആണെന്നും കേരളത്തെ അപമാനിക്കാനും മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കാനും നടത്തുന്ന ബോധപൂര്‍വ്വമായ പ്രചരണമാണിതെന്നും സിപിഎം നേതാവ് റഹീം പ്രതികരിച്ചു. സാമുദായിക സ്പര്‍ധ സൃഷ്ടിക്കാനായി സംഘപരിവാര്‍ നടത്തുന്ന കൃത്യമായ നീക്കമാണിതെന്നും ബിജെപി സ്ഥാനാര്‍ഥിയുടെ ഈ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവെ വര്‍ഗീയ വിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ശീലിച്ച രാഹുല്‍ ഈശ്വര്‍ പോലും ശ്രീലേഖയെ വിമര്‍ശിച്ച് രംഗത്തെത്തി എന്നതും ശ്രദ്ധേയം. സുപ്രീം കോടതിയും എന്‍ഐഎയും തള്ളിക്കളഞ്ഞ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി പ്രചരണം ശ്രീലേഖ മുന്നോട്ട് വയ്ക്കുന്നതില്‍ വേദനയുണ്ടെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ജയിക്കാന്‍ നമ്മുടെ നാടിന്റെ മത സൗഹാര്‍ദത്തെ ബലി കഴിക്കരുതെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. എന്നാല്‍ ഇതുവരെ വിഷയത്തില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോ കോണ്‍ഗ്രസ് നേതാക്കളോ ഏതെങ്കിലും തരത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടില്ല.

മണ്ഡലത്തിലെ വികസന പ്രശ്നങ്ങളോ രാഷ്ട്രീയ നിലപാടുകളോ ചര്‍ച്ച ചെയ്യുന്നതിന് പകരം മതപരമായ വികാരങ്ങളെ ഇളക്കിവിടുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയാണ്. കലുഷിതമായ അന്തരീക്ഷത്തില്‍ മാത്രമേ രാഷ്ട്രീയ വേരോട്ടം സാധ്യമാകൂ എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. എന്നാല്‍, പ്രബുദ്ധരായ കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തരം വിഭാഗീയ ചിന്തകളെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.

വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കി വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമം വട്ടിയൂര്‍ക്കാവ് പോലെ ഒരു മണ്ഡലത്തില്‍ എത്രത്തോളം നിര്‍ണായകമാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. പോലീസ് തലപ്പത്തിരുന്ന ഒരാള്‍ വസ്തുതകളേക്കാള്‍ ഉപരിയായി വൈകാരികമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണ്. വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകേണ്ട തിരഞ്ഞെടുപ്പ് വേദിയില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നത് കേരളത്തിന്റെ മതസൗഹാര്‍ദത്തിന് കനത്ത ആഘാതമേല്‍പ്പിക്കും. സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം തകര്‍ക്കാതെയുള്ള രാഷ്ട്രീയ പോരാട്ടമാണ് വട്ടിയൂര്‍ക്കാവ് ആഗ്രഹിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer