ന്യൂഡൽഹി: പാൻമസാല പാക്കേജിങ്ങിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). പ്ലാസ്റ്റിക്, അലുമിനിയം ഫോയിൽ, മെറ്റലൈസ്ഡ് ലെയറുകൾ എന്നിവ ഇനി പാൻമസാല പാക്ക് ചെയ്യാൻ ഉപയോഗിക്കാനാകില്ല. ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് (പാക്കേജിങ്) ഭേദഗതി റെഗുലേഷൻസ് 2026’ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്.
2018ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് (പാക്കേജിങ്) ചട്ടങ്ങളിലെ ഷെഡ്യൂൾ 4ൽ പാൻമസാലയെ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയാണ് ഭേദഗതി. പുതിയ നിർദേശപ്രകാരം പേപ്പർ, പേപ്പർബോർഡ്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ മാത്രമേ പാക്കേജിങ്ങിനായി ഉപയോഗിക്കാവൂ. പാക്കേജിങ് പൂർണമായും പ്ലാസ്റ്റിക് രഹിതമായിരിക്കണമെന്നാണ് നിർദേശം.
പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ, പോളിയെസ്റ്റർ, പോളിവിനൈൽ ക്ലോറൈഡ് (പി.വി.സി.) തുടങ്ങിയ സിന്തറ്റിക് പോളിമറുകളോ അവയുടെ ലെയറുകളോ അടങ്ങിയ പായ്ക്കറ്റുകൾക്കും വിലക്കുണ്ട്. പുറംഭാഗത്ത് പേപ്പറും അകത്ത് പ്ലാസ്റ്റിക് അല്ലെങ്കിൽ അലുമിനിയം ലെയറും ഉപയോഗിക്കുന്ന കോമ്പോസിറ്റ് പാക്കറ്റുകൾക്കും പുതിയ ചട്ടം ബാധകമാണ്.
അതേസമയം, ടിൻ, ഗ്ലാസ് കണ്ടെയ്‌നറുകളിൽ പാൻമസാല പായ്ക്ക് ചെയ്ത് വിൽക്കുന്നതിന് അനുമതിയുണ്ട്. 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ പ്രസക്തമായ വ്യവസ്ഥകളും പാൻമസാല പാക്കേജിങ്ങിന് ബാധകമാകും.
ഏപ്രിൽ 28ന് ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പൊതുജനങ്ങൾക്കും ബന്ധപ്പെട്ട മേഖലയിലുള്ളവർക്കും അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചു. ലഭിച്ച അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമാണ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അംഗീകാരത്തോടെ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.




