ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ പെർഫോമൻസ് അധിഷ്ഠിത ഇൻസെന്റീവ് പദ്ധതി തൽക്കാലം നിർത്തിവെച്ച് കേന്ദ്രസർക്കാർ. പുതിയ ഇൻസെന്റീവ് പദ്ധതി നടപ്പാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് തീരുമാനം.
ജീവനക്കാരുടെ സംഘടനകളുമായി തുടർചർച്ചകൾ നടത്തിയ ശേഷമേ ഇൻസെന്റീവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂവെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
ഈ മാസം 11ന് സൂചനാ സമരവും തുടർന്ന് അനിശ്ചിതകാല സമരവും നടത്തുമെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഇൻസെന്റീവ് പദ്ധതി നിർത്തിവെച്ചെങ്കിലും സമരം പിൻവലിക്കുന്നതായി സംഘടനകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


