ബെംഗളൂരു: ബെംഗളൂരുവിലെ ഇൻഫോസിസ് കമ്പനിയിൽ എച്ച്ആർ ഉദ്യോഗസ്ഥനായിരുന്നു സതീഷ് ഗുപ്ത. ഭാര്യ പ്രിയങ്ക ഗുപ്ത ഡൽഹി പബ്ലിക് സ്കൂളിലെ ഗണിത അധ്യാപികയും. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഒരു കുഞ്ഞിനൊപ്പമായിരുന്നു നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ ഇവരുടെ താമസം. പുറമേയ്ക്ക് സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന ഇവരുടെ ജീവിതം ഒരു ദിവസംകൊണ്ട് ദുരന്തമായി മാറി.
2010 ഓഗസ്റ്റ് 10-ന് പതിവുപോലെ പുലർച്ചെ സതീഷ് സുഹൃത്തിനൊപ്പം ജോഗിങ്ങിന് പോയിരുന്നു. വ്യായാമത്തിനിടെ പ്രിയങ്കയുടെ ഫോൺ എത്തി. മാഗസിൻ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് രണ്ടുപേർ വീട്ടിലെത്തിയിട്ടുണ്ടെന്നും എന്ത് ചെയ്യണമെന്നുമായിരുന്നു ചോദ്യം. എന്നാൽ അത്തരമൊരു സബ്സ്ക്രിപ്ഷൻ എടുത്തിട്ടില്ലെന്നും ആരെയും അകത്ത് കയറ്റരുതെന്നും പറഞ്ഞ് സതീഷ് ഫോൺ വിച്ഛേദിച്ചു. പിന്നാലെ അസ്വസ്ഥത തോന്നിയ സതീഷ് ജോഗിങ് പാതിവഴിയിൽ നിർത്തി വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചും ബെൽ അടിച്ചും പ്രതികരണമൊന്നുമില്ലാതിരുന്നതോടെ ആശങ്കയിലായ സതീഷ് ഓഫിസിൽ സൂക്ഷിച്ചിരുന്ന സ്പെയർ കീ എടുത്ത് തിരിച്ചെത്തി വീട് തുറന്നു. അകത്ത് കണ്ട കാഴ്ച ഭീകരമായിരുന്നു. കൈകാലുകളും കണ്ണുകളും കെട്ടിയ നിലയിൽ പ്രിയങ്ക രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കഴുത്ത് ക്രൂരമായി അറുത്ത നിലയിലായിരുന്നു മൃതദേഹം.
സംഭവവിവരം അറിഞ്ഞെത്തിയ പൊലീസ് ആദ്യം ഇത് മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വെള്ളിയും രണ്ട് ലക്ഷം രൂപയും നഷ്ടമായതായി സതീഷ് മൊഴി നൽകി. എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ചില അസ്വാഭാവികതകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. രണ്ടാം നിലയിലെ ഫ്ലാറ്റിലേക്ക് അപരിചിതരാരും വന്നതായി അയൽവാസികൾ കണ്ടിട്ടില്ലായിരുന്നു. കൂടാതെ പ്രിയങ്കയുടെ കൈകാലുകൾ കെട്ടിയ രീതി ബലംപ്രയോഗിച്ചതുപോലെ തോന്നിയില്ലെന്നും പൊലീസ് കണ്ടെത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കഴുത്ത് അറുക്കുന്നതിന് മുൻപ് നൈലോൺ കയർ ഉപയോഗിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായി വ്യക്തമായി. പ്രിയങ്ക വിളിച്ച സമയത്ത് സതീഷിന്റെ ഫോൺ ലൊക്കേഷൻ ജോഗിങ് ഗ്രൗണ്ടിന് സമീപത്തായിരുന്നുവെന്നും കണ്ടെത്തി. ഇതോടെ സംശയം ശക്തമായ പൊലീസ് സതീഷിനെ കസ്റ്റഡിയിൽ എടുത്തു. തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സതീഷ് സമ്മതിച്ചു.
ഭാര്യക്കും മാതാപിതാക്കൾക്കും ഇടയിലുണ്ടായിരുന്ന നിരന്തര തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് സതീഷ് മൊഴി നൽകി. സർപ്രൈസ് സമ്മാനം നൽകാനെന്ന പേരിൽ മുമ്പും ഭാര്യയുടെ കണ്ണും കൈകാലുകളും കെട്ടിയിരുന്നുവെന്നും അതേ രീതിയിൽ വിശ്വസിപ്പിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പറഞ്ഞു. പ്രിയങ്കയുടെ കഴുത്ത് നൈലോൺ കയർ ഉപയോഗിച്ച് മുറുക്കിയ ശേഷം കത്തി കൊണ്ട് അറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ശേഷം സംഭവം മോഷണത്തിനിടെ നടന്ന കൊലപാതകമായി തോന്നിക്കാൻ ആഭരണങ്ങളും പണവും മാറ്റിവെക്കുകയും, ജോഗിങ് ചെയ്യുന്നതിനിടെ ഭാര്യയുമായി സംസാരിക്കുന്നതുപോലെ അഭിനയിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാൽ പ്രിയങ്കയെ സതീഷിന്റെ കുടുംബം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പ്രിയങ്കയുടെ വീട്ടുകാർ ആരോപിച്ചത്.
ഏഴ് വർഷം നീണ്ട വിചാരണയ്ക്ക് ശേഷം 2017-ൽ സതീഷ് ഗുപ്തയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.






