തൃശ്ശൂർ: വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ്– യുഡിഎഫ്– എസ്ഡിപിഐ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നടന്നുവെന്നാരോപിച്ച് ബിജെപി വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇന്ന് നടന്ന വനിതാ അംഗങ്ങൾക്ക് സംവരണം ചെയ്ത സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് ആരോപണങ്ങൾക്ക് ഇടയായത്. വികസന സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് എസ്ഡിപിഐ അംഗത്തിനും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് എൽഡിഎഫ് അംഗത്തിനും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് യുഡിഎഫ് അംഗത്തിനും 14 വീതം വോട്ടുകൾ ലഭിച്ചതായി ബിജെപി അറിയിച്ചു.
നിലവിൽ പഞ്ചായത്തിൽ എൽഡിഎഫിന് 10 അംഗങ്ങളും, യുഡിഎഫിന് രണ്ട് അംഗങ്ങളും, എസ്ഡിപിഐക്ക് രണ്ട് അംഗങ്ങളുമാണുള്ളത്.ബിജെപി പ്രതിനിധികളെ സ്റ്റാൻഡിങ് കമ്മിറ്റികളിൽ നിന്ന് മാറ്റിനിർത്താൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഒളിവിൽ നടന്ന ‘വോട്ടു കച്ചവടം’ ഇപ്പോൾ പരസ്യമായി നടത്തിയിരിക്കുകയാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത കെ. എസ്. ധനിഷ് ആരോപിച്ചു.
പ്രതിഷേധത്തിന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു പ്രേംലാൽ, ജനറൽ സെക്രട്ടറി മുകുന്ദൻ ഐ.കെ., ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് പണിക്കശ്ശേരി, മണ്ഡലം ട്രഷറർ ദിവിൻദാസ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഖിൽദാസ്, എസ്.സി. മോർച്ച സ്റ്റേറ്റ് സെൽ കൺവീനർ ശ്രീജിത്ത് കെ.ബി., ജില്ലാ കമ്മിറ്റി അംഗം ഗോകുൽദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതികവത്സൻ, ഷീന സുബ്രഹ്മണ്യൻ, ഷാലി സുധീർ, ശ്രീജ സുജിത്ത്, ശ്രുതി അജിത് എന്നിവരും മണ്ഡലം–പഞ്ചായത്ത് ഭാരവാഹികളായ ജയേഷ് മാധവൻ, വിശ്വൻ കെ.വി., സിന്ധു, മദൻമോഹൻ, സതീഷ് എന്നിവരും നേതൃത്വം നൽകി.




