കോഴിക്കോട്: ദേശീയപാതയിൽ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരുക്ക്. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പോകുകയായിരുന്ന പൊലീസുകാരുമായി ഉള്ള ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോയ ബസും എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയും ഏകദേശം രാത്രി 12.30-ഓടെ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവർമാർ വാഹനത്തിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് അവരെ രക്ഷപ്പെടുത്തി. പരുക്കേറ്റ 28 പേരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എസ്എഫ്ആർഒ ഐ. ഷിജിയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും, കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.




