ബെംഗളൂരു: സ്ത്രീകളുമായുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ ബെംഗളൂരുവിലെ ബിസിനസുകാരൻ കൃപലാനിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. 51കാരനായ ഇയാൾ അൻപതോളം സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പകർത്തി പിന്നീട് ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ജി.എസ്.ടി., കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് പ്രധാനമായും ഇരയായത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി വീഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥയായ 42കാരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ആദ്യം കേസെടുത്ത് കൃപലാനിയെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി യുവതിയുമായി അടുപ്പത്തിലായി ലൈംഗികമായി പീഡിപ്പിക്കുകയും, തുടർന്ന് ബന്ധം ഉപയോഗപ്പെടുത്തി നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള അനധികൃത കാര്യങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് കേസ്.
പിന്നീട് സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിനിടെ കൂടുതൽ സ്ത്രീകൾ സമാന രീതിയിൽ ചതിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളെ പാർട്ടികൾക്കും ആഘോഷങ്ങൾക്കും ക്ഷണിച്ച് അവിടെവച്ച് പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






