മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം എടുത്തതിന് ശേഷമേ ഉഭയകക്ഷി ചർച്ചകളും മന്ത്രിമാരെ കുറിച്ചുള്ള ആലോചനകളും ആരംഭിക്കുകയുള്ളുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവി എന്ന ആവശ്യം ലീഗ് ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഹൈക്കമാൻഡ് ലീഗിന്റെ അഭിപ്രായം തേടാറുണ്ടെന്നും, അത്തരം അവസരങ്ങളിൽ നിലപാട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് വർഷമായി അനുഭവിച്ച ഭരണപീഡനത്തിൽ നിന്നുള്ള മോചനമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താൻ സി.പി.എം. തയ്യാറായില്ലെന്നും, അതിനാൽ ജനങ്ങൾ തന്നെ അവരെ തിരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ലീഗ് എം.എൽ.എമാരെ മന്ത്രിമാരാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവിടുത്തെ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയെങ്കിലും പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. സ്ഥാനാർഥി പട്ടികയിലെ അതിശയങ്ങൾ പോലെ മന്ത്രിസഭ രൂപീകരണത്തിലും അത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.




