റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് മരിച്ചത്. വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു തങ്കദുരൈ. ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകം ആക്രമിച്ചതിനെ തുടർന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ചെന്നൈയിൽ എത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ ശേഷം സ്വദേശത്ത് സംസ്കരിച്ചു.




