ഹാസൻ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിൽ ചന്നരായപട്ടണ–ഹിരിസാവെ റൂട്ടിലെ എൻഎച്ച് 75ൽ ആണ് സംഭവം. മല്ലവനഘട്ട ഗ്രാമത്തിന് സമീപം ധർമ്മസ്ഥലയിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹേമാവതി കനാലിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ 20 വയസ്സുകാരി പ്രിയങ്കയും അവരുടെ ഒന്നര വയസ്സുള്ള മകൻ വൈഭവ്ും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ധർമ്മസ്ഥലയിൽ ദർശനം കഴിഞ്ഞ് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമിത വേഗതയും ഡ്രൈവർക്ക് ഉണ്ടായ നിയന്ത്രണ നഷ്ടവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.




