തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിൽ സിസിടിവി പ്രവർത്തനരഹിതമായതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂർ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് ആരോപണം. ഇതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ സി.എച്ച്. റഷീദാണ് പരാതി നൽകിയിരിക്കുന്നത്.
ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഒരു മണിക്കൂർ നേരം ദൃശ്യങ്ങൾ ലഭിക്കാത്തത് സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർത്തുന്നതായി പരാതിയിൽ പറയുന്നു.
സംസ്ഥാനത്ത് സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടയിലാണ് ഈ സംഭവം. പേരാമ്പ്രയിലെ സ്ട്രോങ് റൂം തുറന്ന സംഭവത്തെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ അനാവശ്യമായി തുറക്കരുതെന്നാണ് നിർദ്ദേശം. പാലക്കാട് നെന്മാറ മണ്ഡലത്തിൽ ഇതുമായി ബന്ധപ്പെട്ട് മുൻപ് വിവാദം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് മുറി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇതിനൊപ്പം ചിറ്റൂരിലും സമാന പരാതി ഉയർന്നു. ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 12.30 മുതൽ പ്രവർത്തിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടപെടാനുള്ള ശ്രമമാണോയെന്ന സംശയവും അദ്ദേഹം വ്യക്തമാക്കി.




