കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല മാതൃകാ ടൗണ്‍ഷിപ്പില്‍ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ട കെ.ടി നൗഫല്‍ വീണ്ടും രംഗത്ത്. തനിക്ക് മറ്റൊരു വീട് വേണ്ടെന്നും ജനങ്ങളുടെ കൈയില്‍നിന്ന് പിരിച്ച് സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വീട് മതിയെന്നും അദ്ദേഹം പറയുന്നു. ഒപ്പം വീടിന് വിള്ളലുണ്ടെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ടൗണ്‍ഷിപ്പില്‍ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ടതിനു പിന്നാലെ രൂക്ഷമായ സൈബറാക്രമണമാണ് നൗഫല്‍ നേരിട്ടത്. റവന്യൂ മന്ത്രി കെ.രാജന്‍ നേരിട്ടെത്തി വിള്ളല്‍ ഉരച്ചുനോക്കി വിള്ളലല്ലെന്നും മാര്‍ക്കിങ്ങാണെന്നും പറഞ്ഞിരുന്നു. 16 പേരെ നഷ്ടപ്പെട്ട തനിക്ക് സൈബറാക്രമണം പ്രശ്‌നമല്ലെന്നും നൗഫല്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പ് മഴ പെയ്തപ്പോഴാണ് വീടിനകത്തെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. വിള്ളല്‍ കണ്ടതോടെ ഊരാളുങ്കലിലെ എന്‍ജിനീയറോടു പരാതിപ്പെട്ടു. ചോര്‍ച്ച ഉണ്ടോ എന്നു വീട്ടില്‍ വന്നു പരിശോധിച്ചാല്‍ മനസിലാകും. ഇനിയും ചോര്‍ച്ച അടച്ചാല്‍ എട്ടിഞ്ചാകും സ്ലാബ്. അത് താങ്ങുമോ എന്നത് ഊരാളുങ്കലാണ് പറയേണ്ടത്. സര്‍ക്കാര്‍ നല്‍കിയ വീടാണ്. സംഘടനയുടേതോ രാഷ്ട്രീയ പാര്‍ട്ടിയുടേതോ അല്ല. ജനങ്ങള്‍ നല്‍കിയ പണം, അതില്‍നിന്നാണ് സര്‍ക്കാര്‍ വീട് അനുവദിച്ചത്. അതിനാല്‍ മറ്റൊരു സംഘടനയുടെ വീടും വേണ്ട. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം ഉണ്ട്. ആ വിശ്വാസം ഉള്ളതിനാലാണ് ടൗണ്‍ഷിപ്പില്‍ തന്നെ വീട് മതിയെന്ന് പറഞ്ഞത്. ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. പരാതി ഉള്ളതുകൊണ്ടാണ് പറഞ്ഞത്. അത് പരിഹരിച്ച് നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ് എന്നും അദ്ദേഹം പറഞ്ഞു.




