തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കവർച്ചക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ ആർ. മുരുകൻ സെൽവൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അംഗീകൃത അയ്യപ്പ സംഘടനകൾക്ക് ദേവസ്വം ബോർഡിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് സേവന പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ സേവന സൗകര്യങ്ങളുടെ വർധിച്ചുവരുന്ന വാണിജ്യവൽക്കരണത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ശബരിമലയെ വരുമാന സ്രോതസ്സായി കാണാതെ വിശ്വാസികളുടെ പുണ്യ തീർഥാടന കേന്ദ്രമായി പരിഗണിക്കണമെന്നും സാധാരണ ഭക്തരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്ന നയങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
അന്നദാന സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭക്തരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, അംഗീകൃത അയ്യപ്പ സംഘടനകൾക്ക് സുതാര്യവും നിയന്ത്രിതവുമായ ചട്ടക്കൂടിൽ അന്നദാന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ ഭക്തർക്ക് സൗജന്യ ഗതാഗത സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിക്ക് ഇത് സ്വതന്ത്രമായി നടത്താൻ കഴിയുന്നില്ലെങ്കിൽ, അതിന്റെ മേൽനോട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എരുമേലി, അഴുത, കരിമല വഴിയുള്ള പരമ്പരാഗത തീർഥാടന പാതയിലൂടെ വരുന്ന ഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും, കരിമലയിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് പ്രവേശിക്കാൻ നേരത്തെ ഉണ്ടായിരുന്ന പാസ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ശബരിമലയ്ക്കായി 50 വർഷത്തെ ദീർഘകാല വികസന കാഴ്ചപ്പാടോടെയുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തീർഥാടക സൗകര്യങ്ങൾ, ഗതാഗതം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ജനക്കൂട്ട നിയന്ത്രണം, ഭാവി അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉൾക്കൊള്ളുന്നതായിരിക്കണം പദ്ധതി.
കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന ആധുനിക ക്യൂ കോംപ്ലക്‌സുകളും വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ളം, ശൗചാലയം, ലഘുഭക്ഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സംവിധാനങ്ങൾ ഒരുക്കി ഭക്തർക്ക് മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പറഞ്ഞു.
ശബരിമലയുടെ ദീർഘകാല വികസനത്തിനും ക്ഷേത്രഭരണത്തിലെ സുതാര്യതയ്ക്കുമായി ദേശീയ തലത്തിലുള്ള ക്ഷേത്രഭരണ ചട്ടക്കൂട് രൂപീകരിക്കണമെന്നും, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, അയ്യപ്പ സംഘടനാ പ്രതിനിധികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്വതന്ത്ര ശബരിമല അതോറിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ദേവസ്വം ബോർഡ്, ദേവസ്വം മന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച്, പ്രത്യേക കമ്മിഷണർ എന്നിവരെ സമീപിക്കുമെന്നും, വിവിധ സംസ്ഥാന സർക്കാരുകളുടെ സഹകരണവും തേടുമെന്നും ആർ. മുരുകൻ സെൽവൻ അറിയിച്ചു.






