പാലക്കാട്: ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർന്നു വീണു. ആറു മാസം മുമ്പ് പുതുക്കി നിർമ്മിച്ച മതിലാണ് വീണ്ടും ഇടിഞ്ഞുവീണത്. പണി പൂർത്തിയായതിന് ശേഷം മൂന്നാം തവണയാണ് മതിൽ തകരുന്നത്.
ചെർപ്പുളശ്ശേരി നഗരസഭ 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് മതിൽ പുതുക്കി പണിതത്. കഴിഞ്ഞ മഴക്കാലത്തും ഇതേ മതിലിന്റെ ഭാഗം തകർന്നിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുകളിലെ റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതും തകർച്ചയ്ക്ക് കാരണമാണെന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ ദിവസേന സഞ്ചരിക്കുന്ന റോഡാണിത്. സംഭവസമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.






