ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. വന്ദേമാതരം ഒഴിവാക്കി പകരം സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് സഭ തുടങ്ങിയത്. ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും, സഭാനടപടികൾക്ക് ഒടുവിൽ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പതിവ് കീഴ്‌വഴക്കം ഇത്തവണയും തുടർന്നത്. കഴിഞ്ഞ മെയ് 10ന് മുഖ്യമന്ത്രിയായുള്ള വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാനങ്ങളുടെ ക്രമം മാറ്റിയതിനെച്ചൊല്ലി തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു.
കാലങ്ങളായുള്ള കീഴ്‌വഴക്കമനുസരിച്ച് ഔദ്യോഗിക സർക്കാർ ചടങ്ങുകൾ ആരംഭിക്കുന്നത് തമിഴ് ഭാഷയെ സ്തുതിച്ചുകൊണ്ടുള്ള ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചുകൊണ്ടാണ്, ചടങ്ങുകൾ അവസാനിക്കുന്നത് ദേശീയഗാനത്തോടെയുമാണ്. എന്നാൽ മെയ് 10ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഈ ക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വന്ദേമാതരത്തിന്റെ ആറു ചരണങ്ങളുള്ള പൂർണ്ണരൂപം ചടങ്ങിൽ ആദ്യം ആലപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതോടെ തമിഴ് ഗീതം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനെതിരെ പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷ സഖ്യകക്ഷികളും ഒരേപോലെ രംഗത്തെത്തിയിരുന്നു.






