പാലക്കാട്: പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള യുഡിഎഫ് നിലപാടിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ.കെ. ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് കെ.എം. ഷാജി പറഞ്ഞതിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
“അറബിക്കടലിൽ വലവീശി എറിഞ്ഞിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല” എന്നായിരുന്നു എ.കെ. ബാലന്റെ പരിഹാസം. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ബാധ്യതയില്ലെന്നും, പദ്ധതി എൽഡിഎഫ് സർക്കാർ നേരത്തെ തന്നെ മരവിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ധാരണാപത്രത്തിൽ ഒപ്പിട്ടത് അന്തിമ തീരുമാനമല്ലെന്നും, ഘടകകക്ഷിയായ സിപിഐ ഉയർത്തിയ ആശങ്കകൾ പരിഗണിച്ചാണ് നടപടി നിർത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടുകൾ പൂർണമായി വേണ്ടെന്ന നിലപാട് സ്വീകരിക്കില്ലെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.
അതേസമയം, പിഎം ശ്രീ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് കെ.എം. ഷാജി പ്രതികരിച്ചു. സർക്കാർ തുടർച്ചയായതിനാൽ കരാറുകൾ റദ്ദാക്കാനാകില്ലെന്നും, വിഷയത്തിൽ പഠനത്തിനായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിലബസുമായി ബന്ധപ്പെട്ട ആശയപരമായ ആശങ്കകൾ ഉണ്ടെങ്കിലും വികസന ഫണ്ടുകൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.






