തൃശൂർ: തെരുവുനായ ശല്യത്തെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ചൂണ്ടൽ ഗവ. യു.പി. സ്കൂൾ നാളെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കും. പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്കൂൾ തുറക്കാൻ തീരുമാനമായത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുണ്ടായിരുന്ന ഭൂരിഭാഗം തെരുവുനായ്ക്കളെയും പിടികൂടിയതോടെയാണ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂൾ തുറക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം സ്കൂളിലേക്ക് വരുന്നതിനിടെ ഒരു വിദ്യാർത്ഥിയെ തെരുവുനായ കടിച്ചിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് സ്കൂൾ പരിസരത്തെ തെരുവുനായ ശല്യം വലിയ ആശങ്കയ്ക്ക് ഇടയാക്കിയത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുരക്ഷിതമായി സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ അധികൃതരും പ്രദേശവാസികളും നൽകിയ പരാതിയെ തുടർന്ന് നായ്ക്കളെ പിടികൂടാനുള്ള നടപടി ആരംഭിച്ചെങ്കിലും ആദ്യ ദിവസങ്ങളിലെ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് തുടർച്ചയായി രണ്ട് ദിവസത്തേക്ക് സ്കൂളിന് അവധി പ്രഖ്യാപിച്ചത്.
ഏകദേശം 200 വിദ്യാർത്ഥികൾ പഠിക്കുന്ന ചൂണ്ടൽ ഗവ. യു.പി. സ്കൂളിൽ ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കിയ ശേഷമാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്.






