തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിപ്പിലൂടെ കോൺഗ്രസ് ജനങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ജനങ്ങൾ അധികാരത്തിലേറ്റിയ ശേഷവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം നീളുന്നത് ജനങ്ങളോടുള്ള നീതി നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടർച്ച നഷ്ടപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സംഘടനാ ഭാരവാഹികൾ നൽകുന്ന പട്ടിക അനുസരിച്ച് ഉദ്യോഗസ്ഥരെ വ്യാപകമായി മാറ്റുകയാണെന്നും ചില ഉദ്യോഗസ്ഥരെ നിർബന്ധിത അവധിയിലേക്ക് അയക്കുന്നതായും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം കോൺഗ്രസ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടെന്ന കാര്യത്തിൽ തനിക്ക് അറിവില്ലെന്നും അത്തരമൊരു ആവശ്യം എൽഡിഎഫിൽ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സി.പി.ഐക്ക് ആവശ്യങ്ങൾ ഉണ്ടെങ്കിൽ അവർ തന്നെയാണ് പറയേണ്ടതെന്നും അന്തിമ തീരുമാനം സി.പി.എം എടുക്കുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.






