പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടെ സാന്നിധ്യം നിയന്ത്രിക്കാൻ പൊലീസ് നിർദേശം. മുഖ്യമന്ത്രിക്ക് ഉയർന്ന സുരക്ഷാ പരിരക്ഷയുള്ളതിനാൽ അനിയന്ത്രിതമായ ജനക്കൂട്ടം സുരക്ഷാ ഭീഷണിയാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്രകളിലും മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
ഇന്റലിജൻസ് എഡിജിപിയുടെ ഓഫീസിൽനിന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം കൈമാറിയത്. മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ മാധ്യമപ്രവർത്തകരുൾപ്പെടെ അനിയന്ത്രിതമായി ആളുകൾ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഇത്തരം സാഹചര്യങ്ങൾ മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്രകളിലും ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ പരിപാടി നടക്കുന്ന സ്ഥലങ്ങളിലും യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം ഉറപ്പാക്കണമെന്നും യൂണിഫോം ഡ്യൂട്ടിക്ക് പുറമെ മഫ്തി വേഷത്തിലുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ച് സുരക്ഷ ശക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എസിപി പീറ്റർ കെ.ജെ. നിർദേശിച്ചതായാണ് വിവരം. മുഖ്യമന്ത്രിക്ക് Z+ സുരക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഗോകുലം പാർക്കിൽ നടന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടായിരുന്നു പൊലീസ് നിർദേശം. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് ഇത്തരമൊരു നിർദേശം നൽകിയിട്ടുണ്ടോയെന്ന ചോദ്യത്തോട് എസിപി പ്രതികരിച്ചില്ല.
മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങളെന്നാണ് പൊലീസ് വൃത്തങ്ങളുടെ വിശദീകരണം. അതേസമയം, മാധ്യമപ്രവർത്തകരുടെ സാന്നിധ്യവും ചോദ്യങ്ങൾ ചോദിക്കുന്നതും നിയന്ത്രിക്കുന്ന നടപടിക്കെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.




