പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പ്രമുഖ വ്യവസായി മോഹൻ സിങ് ലക്ഷ്മൺ സിങ് പാർമറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 32 കോടി രൂപയുടെ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടുകയും കമ്പനിയുടെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്യാനായിരുന്നു കൊലപാതക പദ്ധതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വാശിയിലെ ഡയമണ്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പാർമറിന്റെ കമ്പനിയിലെ പങ്കാളിയായ സാഗർ ഗിരീഷ് ഭാനുശാലിയാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് അറിയിച്ചു. ഓഹരി വിപണിയിലെ കനത്ത നഷ്ടത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഭാനുശാലി പാർമറിൽ നിന്ന് ഏകദേശം 32 കോടി രൂപ കടമായി വാങ്ങിയിരുന്നു. പാർമറിനെ കൊലപ്പെടുത്തിയാൽ കടം തിരിച്ചടയ്ക്കേണ്ടതില്ലെന്നും കമ്പനിയുടെ പൂർണ നിയന്ത്രണം ലഭിക്കുമെന്നും പ്രതി കരുതിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ജൂലൈ 24-ന് രാത്രി വസായ് ഈസ്റ്റിലെ കമ്പനിക്ക് സമീപത്താണ് ആക്രമണം നടന്നത്. ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ പാർമറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് തോളിൽ ഗുരുതരമായി പരിക്കേറ്റ പാർമറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ പ്രതിയുടെ തോക്ക് തകരാറിലായതിനെ തുടർന്ന് തോക്കിന്റെ പിൻഭാഗം ഉപയോഗിച്ച് മർദിച്ച ശേഷമാണ് അക്രമികൾ രക്ഷപ്പെട്ടത്.
സുജിത് ദേവേന്ദ്രഭായ് പാണ്ഡെ, അനൂപ് വീരേന്ദ്ര പ്രജാപതി എന്നിവരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ, ഫോൺവിളി വിവരങ്ങൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഉത്തർപ്രദേശിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.




