തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വി ശിവൻകുട്ടിയെയും എം ബി രാജേഷിനെയും ഉൾപ്പെടുത്തി. പി ജയരാജനെയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തി. മൂന്ന് ദിവസം നീണ്ട വിശാല സംസ്ഥാന സമിതി യോഗത്തിലാണ് നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ ഉണ്ടായത്.
ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് വി ശിവൻകുട്ടിയുടെ പേര് ഉയർന്നത്. ഒടുവിൽ ശിവൻകുട്ടിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയും ജോൺ ബ്രിട്ടാസിനെ ക്ഷണിതാവായി നിയമിക്കുകയും ചെയ്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന സമിതിയിൽ തുടരുന്ന പി ജയരാജനെയാണ് സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയത്. അതേസമയം, തോമസ് ഐസക്കിനെയും ടി പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കി. യുവതലമുറയ്ക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന രീതിയിൽ സംസ്ഥാന സമിതിയിലും മാറ്റങ്ങൾ വരുത്തി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരെയാണ് പുതിയതായി സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്.
സംസ്ഥാന നേതൃത്വത്തിലെ മാറ്റത്തിന് പിന്നാലെ ജില്ലാ നേതൃത്വത്തിലും പുനഃസംഘടന ഉണ്ടാകുമെന്നാണ് വിവരം. കണ്ണൂർ ജില്ലാ നേതൃത്വത്തിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ അവലോകനം പതിവ് രീതിയിൽ മാത്രം നടത്തരുതെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് സംഘടനാ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്. പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ തിരുത്തൽ ആവശ്യമാണെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോ സ്വീകരിച്ചതെന്നും റിപ്പോർട്ടുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനത്തും മാറ്റത്തിന് ധാരണയായി. പി രാജീവിനെ പുതിയ കൺവീനറായി പരിഗണിക്കാനാണ് തീരുമാനം.


