ബംഗളൂരു: ബംഗളൂരുവിലെ ഈജിപുര മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ബിബിഎംപി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നിന്ന് റിപ്പോര്‍ട്ട് തേടി. അടുത്ത നടപടിയെക്കുറിച്ച് അഭിപ്രായം നല്‍കാനും പ്രോജക്ട് ഡിസൈനറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 17 ന് രാത്രി, പ്രീഫാബ്രിക്കേറ്റഡ് സെഗ്മെന്റില്‍ നിന്നുള്ള കോണ്‍ക്രീറ്റ് കഷണങ്ങള്‍ ഇളകി ഓട്ടോറിക്ഷയില്‍ വീണു. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് സെഗ്മെന്റില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്.
സെഗ്മെന്റിന്റെ ഭാഗം അത്തരം ഭാരം വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടില്ലാത്തതിനാല്‍, അതില്‍ ഒരു വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ജോലി നിര്‍ത്തിവച്ചു, അടുത്ത നടപടി എന്തായിരിക്കണമെന്നതില്‍ ഐഐഎസ്സിയില്‍ നിന്നും പ്രോജക്ട് ഡിസൈനറില്‍ നിന്നും അഭിപ്രായം തേടിയെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് എഞ്ചിനീയര്‍ രാഘവേന്ദ്ര പ്രസാദ് വിശദീകരിച്ചു.
2.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈജിപുര ഫ്‌ലൈഓവറിന്റെ പണി 2017 ല്‍ ആരംഭിച്ചെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. മുന്‍ കരാറുകാരനുമായുള്ള പ്രശ്‌നങ്ങള്‍ കാരണം പണി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന്, പുതിയ കരാറുകാരന്‍ പണി പുനരാരംഭിച്ചു. 2026 മാര്‍ച്ചില്‍ ഫ്‌ലൈഓവര്‍ തുറക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.




