കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ കേന്ദ്രസേനയായ സിആർപിഎഫ്നെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. കേന്ദ്രസേന ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് അവർ ആരോപിച്ചു. ഇത്തരത്തിലുള്ള സാഹചര്യം മുൻപ് കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.
പോളിങ് ബൂത്തുകളിൽ സംസ്ഥാന പോലീസിന്റെ സാന്നിധ്യം പോലും തടയപ്പെടുന്നുവെന്ന് മമത ആരോപിച്ചു. അതിർത്തി സുരക്ഷയ്ക്ക് പകരം ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിആർപിഎഫ് സ്വീകരിക്കുന്നതെന്നും അവർ വിമർശിച്ചു. തിരഞ്ഞെടുപ്പ് സാഹചര്യം ഭയാനകമാണെങ്കിലും, തൃണമൂൽ കോൺഗ്രസ് വിജയം നേടുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി തന്നെ സംഘർഷങ്ങൾ ആരംഭിച്ചതായും, നിരവധി പാർട്ടി പ്രവർത്തകരെ തടഞ്ഞുവച്ചതായും മമത ആരോപിച്ചു. ഇത് ജനാധിപത്യത്തോടുള്ള അവഗണനയും കോടതിയലക്ഷ്യത്തിനും സമാനമാണെന്നും അവർ പറഞ്ഞു.
അതേസമയം, പശ്ചിമബംഗാളിൽ ഏഴ് ജില്ലകളിലായി 142 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടെടുപ്പ് സമയത്ത് വിവിധ സ്ഥലങ്ങളിൽ സംഘർഷങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്ന് ബിജെപിയും ആരോപണമുന്നയിച്ചിട്ടുണ്ട്.




