തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ എസ്എംഎസ് മുഖേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ഓൺലൈൻ ആപ്പ് വഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരനെന്ന വ്യാജേന ഡ്രൈവറെ ഫോണിലൂടെയോ വാട്സാപ്പിലൂടെയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചെങ്കിലും തുക മാറിപ്പോയെന്ന് പറഞ്ഞ് ഡ്രൈവറെ സമീപിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടർന്ന് ബാങ്കിൽ നിന്ന് പണം നഷ്ടമായെന്ന തരത്തിലുള്ള വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കും. മറ്റൊരാൾ പണം അയച്ചെന്നും യാത്രക്കൂലിയേക്കാൾ അധികം തുക അക്കൗണ്ടിലെത്തിയെന്നും പറഞ്ഞാണ് പണം തിരികെ ആവശ്യപ്പെടുന്നത്.
സാങ്കേതിക പ്രശ്നത്തെ തുടർന്ന് യാത്രക്കാരന്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം നൽകാൻ കഴിയാത്തതിനാലാണ് മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് പണം അയച്ചതെന്നും അധികമായി ലഭിച്ച തുക തിരികെ നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും. അക്കൗണ്ടിൽ പണം എത്തിയെന്ന വ്യാജ എസ്എംഎസ് വിശ്വസിച്ച് ഡ്രൈവർ തുക തിരികെ അയയ്ക്കുന്നതോടെ തട്ടിപ്പിനിരയാകുന്നു.
ഡ്രൈവിങ്ങിനിടെ ലഭിക്കുന്ന എസ്എംഎസുകൾ വിശദമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യം മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. സമാന രീതിയിൽ നിരവധി ഡ്രൈവർമാർക്ക് പണം നഷ്ടപ്പെട്ടതായി സമൂഹമാധ്യമങ്ങളിലൂടെ പരാതികൾ ഉയർന്നിട്ടുണ്ട്.
കരിക്കകം സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കഴിഞ്ഞ ദിവസം സമാന രീതിയിൽ 4,200 രൂപ നഷ്ടമായി. സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള യാത്രയാണ് ഇയാൾക്ക് ഓൺലൈൻ വഴി ലഭിച്ചത്. ആശുപത്രിയിൽ അടയ്ക്കേണ്ട തുകയാണെന്ന് പറഞ്ഞാണ് വ്യാജ സന്ദേശം അയച്ചത്.
സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന പൊലീസ് അറിയിച്ചു.




