വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലർച്ചെയോടെ ആരംഭിച്ച ശക്തമായ കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
അടുത്ത 24 മണിക്കൂറിലും വടക്കൻ ദ്വീപിൽ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുകയും ചാതം ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലിൽ 13 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ ദ്വീപിന്റെ മിക്ക ഭാഗങ്ങളിലും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ വീണതും മറ്റു നാശനഷ്ടങ്ങളും മൂലം ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി, പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. 2023ൽ വലിയ നാശം വിതച്ച ഗബ്രിയേൽ ചുഴലിക്കാറ്റിന്റെ അനുഭവം മുൻനിർത്തി ഇത്തവണ കൂടുതൽ ജാഗ്രത പാലിക്കുകയാണ്. സമാന സാഹചര്യം ഒഴിവാക്കാൻ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു.






