സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിൽ ആറാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിലെ ദുരൂഹത പൊലീസ് നീക്കി. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്.
ആദ്യം വാഹനം ഇടിച്ചാണ് അപകടമെന്ന സംശയം ഉയർന്നിരുന്നെങ്കിലും സംഭവസ്ഥലത്തെ വിശദമായ പരിശോധനയിലാണ് അത് തള്ളിക്കളയാനായത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം മുത്തങ്ങ വനമേഖലയിലെ ദേശീയപാതയ്ക്ക് സമീപം സൈക്കിൾ ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സൈക്കിൾ റോഡരികിലെ കുഴിയിലേക്ക് ഇറങ്ങി മരത്തിൽ ഇടിച്ചുവീഴുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ മനുവിനെ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. കല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു മനു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.


