കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്ന് സുകുമാരൻ നായർ ആരോപിച്ചു.
എൻഎസ്എസ് ബിജെപിയുമായി അടുപ്പത്തിലാണെന്ന തരത്തിലുള്ള സന്ദേശം നൽകാനാണ് സുരേഷ് ഗോപി എത്തിയതെന്നും അദ്ദേഹം വിമർശിച്ചു. സംഘടനയുടെ യോഗക്രമങ്ങൾ പാർലമെന്റിന് സമാനമാണെന്നും കാര്യങ്ങൾ അറിയാതെയല്ല സുരേഷ് ഗോപി എത്തിയതെന്നും സുകുമാരൻ നായർ പറഞ്ഞു.
സന്ദർശനവുമായി ബന്ധപ്പെട്ട് തെറ്റുപറ്റിയെന്ന് സുരേഷ് ഗോപി അന്നുതന്നെ വ്യക്തമാക്കിയിരുന്നുവെന്നും പിന്നീട് തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിനെ തകർക്കുമെന്ന് പറഞ്ഞ പലരും പിന്നീട് ഇല്ലാതായതല്ലാതെ സംഘടനയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി ആദ്യം സ്വന്തം സംഘടനയെ ശുദ്ധീകരിക്കട്ടെയെന്നും എൻഎസ്എസിനെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും അദ്ദേഹത്തിന് സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ വിവാദം വീണ്ടും ഉയർത്തിക്കൊണ്ടുവന്നതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഉപരാഷ്ട്രപതിയെയും വിഷയത്തിലേക്ക് വലിച്ചിഴച്ചുവെന്നും സുകുമാരൻ നായർ ആരോപിച്ചു.
ഉപരാഷ്ട്രപതിയെ എൻഎസ്എസ് നേരത്തെ സ്വീകരിച്ചിട്ടുണ്ടെന്നും അന്ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ആരെയും തടഞ്ഞിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഡൽഹിയിലെ കരയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സുകുമാരൻ നായർ പ്രതികരിച്ചു. ഡൽഹിയിലെ കരയോഗത്തിന് എൻഎസ്എസുമായി പ്രശ്നങ്ങളുണ്ടെന്നും സംഘടനയുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന നിലപാട് സുകുമാരൻ നായർ ആവർത്തിച്ചു. മുഖ്യമന്ത്രിയെ കാണാനാണ് അനുമതി തേടിയതെന്നും എന്നാൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വോട്ടർ എന്ന നിലയിലും ഒരു പ്രമുഖ സംഘടനാ നേതാവ് എന്ന നിലയിലും കാണിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്നും സുകുമാരൻ നായർ വിമർശിച്ചു. ഇനി മുഖ്യമന്ത്രിയെ കാണാൻ താൽപര്യമില്ലെന്നും തന്നെ കാണാൻ ആരും വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












