ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസിലെ അന്വേഷണ നടപടികൾക്ക് കർണാടക ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗൂഢാലോചനയിൽ പങ്കാളികളാണെന്ന സംശയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. എതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഹർജി പരിഗണിച്ച ഹൈക്കോടതി നവംബർ 12 വരെ അന്വേഷണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തു.
തങ്ങൾ കേസിൽ വാദികളോ പ്രതികളോ അല്ലെന്നിരിക്കെ ഒൻപത് തവണ സമൻസ് ലഭിച്ചതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. പത്താമത്തെ സമൻസ് ഈ മാസം 27ന് ലഭിച്ചതായും അത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ല എന്ന് വിമർശിച്ചു.
ധർമ്മസ്ഥല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റായ മഹേഷ് ഷെട്ടി തിമരോടിക്കെതിരെ നാടുകടത്തൽ ഉത്തരവുമുണ്ടായിരുന്നു. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയാണ് ഉത്തരവ്. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് ഈ നടപടി എടുത്തത്.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തതായി ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യ നൽകിയ വെളിപ്പെടുത്തലിനെ തുടർന്ന് 13 സ്ഥലങ്ങളിൽ അന്വേഷണം നടത്താൻ എസ്.ഐ.ടി ശ്രമിച്ചിരുന്നു. എന്നാൽ സൂചിപ്പിച്ച ഇടങ്ങളിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണം വ്യക്തമാക്കിയിട്ടുണ്ട്.




