Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗജന്യ യാത്രയിൽ തർക്കങ്ങൾ; മുൻകൂർ പണം വേണമെന്ന് കെഎസ്ആർടിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ത്രീകൾക്ക് ഓര്‍ഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. പദ്ധതിയുടെ ഭാഗമായി ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ മുൻകൂർ തുക അനുവദിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്തെത്തി. എന്നാൽ, മുൻകൂർ പണം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.

സൗജന്യ യാത്രയ്ക്ക് അനുവദിക്കുന്ന സീറോ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഓരോ മാസാവസാനത്തിലും ചെലവായ തുക കെഎസ്ആർടിസിക്ക് നൽകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഈ രീതി കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ ആശങ്ക.

നിലവിൽ 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഇന്ധന കമ്പനികളിൽ നിന്ന് ഇളവോടെയാണ് കെഎസ്ആർടിസി ഇന്ധനം വാങ്ങുന്നത്. പ്രിയദർശിനി പദ്ധതി നടപ്പിലാകുന്നതോടെ വരുമാനം കുറയുകയും നിലവിലെ ഇന്ധന സബ്‌സിഡി നഷ്ടമാകാനുള്ള സാധ്യത ഉയരുകയും ചെയ്യുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ മുൻകൂർ തുക നൽകുകയോ അല്ലെങ്കിൽ ദിവസേന ചെലവാകുന്ന തുക ഉടൻ നൽകുകയോ വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം.

അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ധനവകുപ്പുമായി കൂടുതൽ ചർച്ചകൾ നടത്തി വരുമാന നഷ്ടം എങ്ങനെ നികത്താമെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

ജൂൺ 15 മുതൽ നടപ്പിലാകുന്ന ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുക.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. തമ്പാനൂരിൽ നിന്ന് പെരുമാതുറ വരെ പ്രത്യേക ഉദ്ഘാടന യാത്ര സംഘടിപ്പിക്കാനും ‘പ്രിയദർശിനി’ ബസുകളിൽ പ്രത്യേക സ്റ്റിക്കർ പതിക്കാനും തീരുമാനമായിട്ടുണ്ട്.

പദ്ധതി നടപ്പിലാകുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയും വരുമാനക്കുറവ് ഉണ്ടാകുമെന്നാണ് കണക്കുകൾ. ഇതോടെ പദ്ധതിയുടെ സാമ്പത്തിക ഭാരം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സർക്കാരിനും കെഎസ്ആർടിസിക്കും മുന്നിലുള്ള പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Advertisement
WhiteswanTV Footer