രാവിലെ ഓഫീസിലേക്കുള്ള ഓട്ടം, ജോലിക്കിടയിലെ തിരക്ക്, യാത്ര അങ്ങനെ പല കാരണങ്ങൾ കൊണ്ട് ഭക്ഷണം വേഗത്തിൽ, ശരിയായി ചവച്ചരയ്ക്കാതെ പെട്ടെന്ന് കഴിക്കുന്ന ശീലം പലർക്കും ഉണ്ടാകാം. ഭക്ഷണം കഴിക്കുന്നതിലെ വേഗതയും ദഹനപ്രക്രിയയും തമ്മിൽ ബന്ധമുണ്ടെന്നും ഇത് പൊണ്ണത്തടിയിലേക്ക് നയിക്കാമെന്നും എത്ര പേർക്കറിയാം?
ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുന്നത് ചിലരിൽ വയറുവീക്കം, അസ്വസ്ഥത, അമിതമായി ഭക്ഷണം കഴിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ദഹനം വായിൽ നിന്ന് തന്നെ തുടങ്ങുന്ന ഒന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോൾ അത് ചെറിയ കഷണങ്ങളായി മാറുകയും ഉമിനീരുമായി നന്നായി കലരുകയും ചെയ്യും. ഉമിനീരിലുള്ള ചില എൻസൈമുകൾ കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഭക്ഷണം വേഗത്തിൽ വിഴുങ്ങുന്നതിനു പകരം നന്നായി ചവച്ചു ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ ഏറെ സഹായിക്കും.
നമ്മുടെ വയറ് നിറയുന്ന വിവരം തലച്ചോറിലെത്താൻ കുറച്ച് സമയം ആവശ്യമാണ്. അതുകൊണ്ട് വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ വയറ് നിറഞ്ഞുവെന്ന സന്ദേശം ലഭിക്കുന്നതിന് മുമ്പ് ആവശ്യത്തിലധികം ഭക്ഷണം കഴിച്ചുപോകാം. ഇങ്ങനെ പതിവായി ആവശ്യത്തിലധികം കലോറി ലഭിക്കുന്നത് കാലക്രമേണ ശരീരഭാരം കൂടുന്നതുമായി ബന്ധപ്പെട്ടേക്കാം. എല്ലാവരിലും ഇങ്ങനെ തന്നെ ആവണമെന്നും ഇതുകൊണ്ട് മാത്രമാണ് വണ്ണം കൂടുന്നതെന്നും അർത്ഥമില്ല. ഇതും ഒരു കാരണമാകാം എന്നാണ്.


