തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ് എന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജുകളിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് “അനാരോഗ്യ വകുപ്പ്” ആവരുതെന്നും അദ്ദേഹം പറഞ്ഞു.
വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് പല മാറ്റങ്ങളും ഉണ്ടായിരുന്നുവെന്നും പിന്നീട് അവ പഴയ നിലയിലായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിസ്റ്റത്തെ മുഴുവൻ കുറ്റം പറയുന്നത് ശരിയല്ലെന്നും, സിസ്റ്റവുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്വകാര്യ ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച്, അവിടത്തെ സൗകര്യങ്ങൾ ഫൈവ് സ്റ്റാർ ഹോട്ടൽ പോലെയാണെന്ന് തോന്നിയെന്നും, എന്നാൽ സർക്കാർ ആശുപത്രികളുടെ സ്ഥിതി അതിന് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
രോഗികളെ തറയിൽ കിടത്തരുത് എന്ന് പറഞ്ഞപ്പോൾ ചിലർ വിമർശിച്ചതായും, സ്വകാര്യ ആശുപത്രികളിലേക്ക് ആളുകളെ വിടാനാണോ ശ്രമം എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ജനങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന വിഭാഗമാണെന്നും, ഡോക്ടർമാരുടെ നല്ല സമീപനം രോഗികൾക്ക് ആശ്വാസം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






