കൊച്ചി: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി ബന്ധപ്പെട്ട മധ്യപ്രദേശിലെ കേസിൽ ഭർത്താവ് ഫർമാൻ ഖാൻ കേരള ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ജൂൺ 2-ന് പരിഗണിക്കാൻ മാറ്റി.
ഹർജിയിൽ ഭേദഗതി ആവശ്യപ്പെട്ട അപേക്ഷയിലും അന്നേ ദിവസം തന്നെ കോടതി ഉത്തരവ് പുറപ്പെടുവിക്കും. അതുവരെ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്ന ഇടക്കാല ഉത്തരവ് നീട്ടിയതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു.
മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ കേരള ഹൈക്കോടതിയിൽ ഹർജി നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ വാദിച്ചു. ഇതിനെ തുടർന്ന് മധ്യപ്രദേശിലേക്ക് പോയാൽ ആക്രമിക്കപ്പെടുമെന്ന ഭയം ഉണ്ടെന്ന ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജി ഭേദഗതി ചെയ്യാൻ അപേക്ഷ നൽകിയിരുന്നു.
എന്നാൽ ഈ ഭേദഗതി അപേക്ഷയെ മധ്യപ്രദേശ് സർക്കാരിന്റെ അഭിഭാഷകൻ എതിർത്തു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസുണ്ടെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ പിതാവിന്റെ പരാതിയെത്തുടർന്നാണ് മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും മാർച്ച് 11-ന് കേരളത്തിൽവെച്ച് വിവാഹിതരായെന്നും, ഇപ്പോൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.






